തുറന്ന് സംസാരിക്കാം... തുറന്ന മനസോടെ കേള്‍ക്കാം

 

                        

തുറന്ന് സംസാരിക്കാം... തുറന്ന മനസോടെ കേള്‍ക്കാം

         

എല്ലാ ജീവ സമൂഹത്തിന്റെയും പ്രധാന ഘടകമാണ് ആശയവിനിമയം. മനുഷ്യര്‍ ഉപയോഗിക്കുന്ന ഭാഷ മുതല്‍ പലതരത്തിലുള്ള ശബ്ദങ്ങളും, ഗന്ധവും, തരംഗവും, സ്പര്‍ശനവും എല്ലാം ആശയവിനിമയത്തിന്റെ മാര്‍ഗ്ഗങ്ങളായി ഉപയോഗിക്കുന്നു. പരസ്പരം മുട്ടിയുരുമ്മുന്ന ഉറുമ്പുകളും, കലപില ശബ്ദമുണ്ടാക്കുന്ന കരിയില കിളികളും എല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന ഉദാഹരണങ്ങള്‍ ആണ്. ആദിമ മനുഷ്യന്‍ ഭാഷയുണ്ടാകും മുന്‍പ് തന്നെ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും, പാറകളില്‍ കോറിയിട്ടും, ചിത്രങ്ങള്‍ വരച്ചും ആശയവിനിമയം നടത്തിയിരുന്നതായി നാമെല്ലാവരും പഠിച്ചിട്ടുണ്ട്.

         ഇന്ന് നാം ഭാഷയെന്ന മഹത്തായ മാധ്യമത്താല്‍ അനുഗ്രഹീതരാണ് മനുഷ്യര്‍. സംസാരിച്ചും, എഴുതിയും, പാടിയുമെല്ലാം നാം ആശയവിനിമയം സാധ്യമാക്കുന്നു. എന്നാല്‍ നാം ദൈനംദിനം ചെയ്യുന്ന കാര്യമായ സംസാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..?  

         നമ്മള്‍ ഒന്ന് ചിന്തിച്ചാല്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ അത്ഭുതങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ഒന്നാണ് സംസാരം. തുറന്ന് സംസാരിക്കുക എന്നത് തന്നെയാണ് ഇതിലെ പ്രധാനപ്പെട്ട ഒന്ന്. തുറന്ന് സംസാരിക്കുകയെന്നാല്‍, രഹസ്യങ്ങളെല്ലാം തുറന്ന് സംസാരിക്കുകയെന്നല്ല, മറിച്ച് നാം ആരോടെങ്കിലും സംസാരിക്കുമ്പോളോ, കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോളോ തുറന്ന മനസോടെ പോസിറ്റീവായി കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് തന്നെ. ഇതോടൊപ്പം തന്നെ  നാം നല്ലൊരു കേള്‍വിക്കാരനും ആവണം. ഇത് രണ്ടും കൂടിചേര്‍ന്നാലാണ് നല്ലൊരു ആശയവിനിമയം സാധ്യമാകും. താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് നോക്കൂ.....

  • · പോസിറ്റീവ് മനോഭാവത്തോടെ സംസാരിക്കുക
  • ·  കണ്ണില്‍ നോക്കാതെ, മുഖത്ത് നോക്കി സംസാരിക്കുക
  • ·  ഒരു ചെറു പുഞ്ചിരി എല്ലാവരുടെയും മുഖത്ത് ഉണ്ടാകട്ടെ
  • ·നമ്മളിലെ കേള്‍വിക്കാരന്‍, നര്‍മ്മവും ഗൌരവവും അതാത് രീതിയില്‍ മുഖത്ത് പ്രതിഫലിപ്പിക്കുക
  • ·   അഭിനന്ദനങ്ങള്‍ നല്‍കുന്നതിനും ക്ഷമാപണം നടത്തുന്നതിനും മടി കാണിക്കേണ്ട

 


     ഇനി ആദ്യം പറഞ്ഞ അത്ഭുതത്തിലേക്ക് വരാം. മേല്പറഞ്ഞ പ്രകാരം ചെയ്‌താല്‍ നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കും..?

 
· വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ ദൃഡപ്പെടുന്നു.
·സാമൂഹ്യപരമായും, നമ്മുടെ വീട്, തൊഴിലിടങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ വളരെ         പോസിറ്റീവ് ആയ അന്തരീക്ഷം ഉണ്ടാകുന്നു.
·മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നു. ഇതിലൂടെ ശാരീരികമായ പല   അസുഖങ്ങളും തടയാന്‍ സാധിക്കും.
·അസൂയ്യ, ഈഗോ, ഒരുപരിധിവരെ ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ നമ്മളില്‍ നിന്നും    നീങ്ങുന്നു.
·തുറന്ന് സംസാരിക്കുന്നതോടെ നമ്മുടെ ജീവിതത്തില്‍ തൊഴില്‍പരമായും     സാമൂഹ്യപരമായും പല നേട്ടങ്ങളും ഉണ്ടാകുന്നു.


  മത്സരാധിഷ്ടിതമായ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുന്നതിനും, ഈ ചെറു ജീവിതം ഏറ്റവും സന്തോഷഭരിതമായി കൊണ്ടുപോകുന്നതിനും, നമുക്ക് തുറന്ന് സംസാരിക്കാം.. തുറന്ന മനസോടെ കേള്‍ക്കാം. 

Comments